പാലക്കാട്: വാളയാറിലെ സഹോദരങ്ങളായ പെൺകുട്ടികളുടെ മരണം പെരുന്പാവൂരിലെ ജിഷ കൊലക്കേസിനെ ഓർമിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിഷയുടെ കുടുംബം താമസിച്ചിരുന്നതുപോലെ വാസയോഗ്യമല്ലാത്ത വീട്ടിലാണ് പെൺകുട്ടികളുടെ കുടുംബം താമസിച്ചിരുന്നത്. ഈ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരങ്ങളുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ കുട്ടി മരിച്ചപ്പോൾതന്നെ കുറ്റവാളിയെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി കുട്ടികളുടെ പിതാവ് പറയുന്നു. എന്നിട്ടും നടപടി ഉണ്ടാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. അന്നു നടപടി ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

നേരത്തെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായ വി.എസ്.അച്യുതാനന്ദനും പെൺകുട്ടികളുടെ വീട് സന്ദർശിച്ചിരുന്നു. വാളയാറിൽ കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും വിഎസ് പറഞ്ഞിരുന്നു. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ പ്രതികൾക്കൊപ്പം ചേർന്നുനിന്നു നേട്ടമുണ്ടാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കി യഥാർഥ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ