തിരുവനന്തപുരം: വാളയാറിൽ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഇന്ന് സമരപന്തലിൽ എത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അട്ടപ്പളത്തെ വീട്ടില്‍ എത്തിയിരുന്നു. കേസില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനര്‍ അന്വേഷണം വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാ‍ർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

Read More: വാളയാർ കേസ്: പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കും

ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞമാസം കൊച്ചിയിലും ഇവർ ഉപവാസ സമരം നടത്തിയിരുന്നു. നേരത്തെ വാളയാർ സമരസമതി ഹൈക്കോടതിക്ക് മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാർ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽകെട്ടി സമരവും നടത്തിയിരുന്നു.

2017 ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.