പാലക്കാട്: വാളയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു പെൺകുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. പെൺകുട്ടികളുടെ ബന്ധുവായ കല്ലങ്കോട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ശാസ്ത്രീയ പരിശോധനയിലും കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

പെൺകുട്ടികളിൽ മൂത്ത കുട്ടിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. പീഡനകാര്യം മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ബന്ധുവിനെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു. മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടുപേർ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് ഇളയ മകൾ കണ്ടിരുന്നു. ഇത് മകൾ തന്നോട് പറഞ്ഞിരുന്നതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പതിനൊന്നുകാരിയായ മൂത്ത കുട്ടി ജനുവരി 13 നും ഒൻപതുകാരിയായ ഇളയ മകൾ മാർച്ച് നാലിനുമാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. നിർമാണ തൊഴിലാളികളായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനു മുൻപായാണ് രണ്ടു മരണങ്ങളും സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ