/indian-express-malayalam/media/media_files/uploads/2019/11/valayar-1.jpg)
പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് വിധിപ്പകർപ്പ്. പ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നും ശരിയായ തെളിവുകളില്ലാത്ത കേസിൽ ക്രിമിനൽ ശിക്ഷ നടപ്പാക്കാൻ സാധിക്കില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ല. പ്രകൃതിവിരുദ്ധ പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സ്വകാര്യഭാഗത്തെ മുറിവുകൾ അണുബാധ മൂലമാകാമെന്നാണ് ഡോക്ടർ പറയുന്നത്. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.
അതേസമയം വ്യാഴാഴ്ച വാളയാറെത്തിയ ദേശീയ ബാലാവകാശ കമ്മിഷൻ അംഗം യശ്വന്ത് ജെയിന്‍റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തുപോയ മാതാപിതാക്കൾ ഇതുവരെ തിരിച്ചെത്താത്തതിനെത്തുടർന്നാണ് സംഘം മടങ്ങിയത്.
വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മിഷൻ കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽനിന്നു മാറിയതിൽ സംശയമുണ്ടെന്ന് യശ്വന്ത് ജെയിന്‍ ഇന്നലെ പറഞ്ഞിരുന്നു.
കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അതേസമയം വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഇന്ന് പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.