കൊച്ചി: വാളയാർ കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനും സിബിഐക്കും ഹൈക്കോടതി നിർദേശം. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ ശുപാർശ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അത് വേഗത്തിൽ വേണമെന്നും ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നും വേഗത്തിൽ ആക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
Read More: പിണറായി വിജയന്റെ അച്ഛൻ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു; വീണ്ടും ആക്ഷേപിച്ച് സുധാകരൻ
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജനുവരി 25നാണ് സർക്കാർ സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കിയത്.
ജനുവരി 13 നാണ് ഒറ്റമുറി വീട്ടിൽ പതിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് മരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.