കൊച്ചി: വാളയാര്‍ കേസിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. കേസിലെ പ്രതികൾക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി കേസ് അട്ടിമറിച്ചുവെന്നും ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചുവെന്നും വിചാരണക്കോടതി വളരെ ലാഘവത്തോടെയും മുൻവിധിയോടെയുമാണ് കേസ് കൈകാര്യം ചെയ്തതെന്നും അപ്പീലിൽ ആരോപിക്കുന്നു. നീതി പൂർവകമായ വിചാരണ ഉറപ്പാക്കുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും അപ്പീലിൽ പറയുന്നു. ഈ സാഹചര്യത്തിൽ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും വിചാരണ നടത്തണം എന്നാണ് പ്രധാന ആവശ്യം.

Read More: വാളയാർ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം കൊലപാതകമായിരുന്നോയെന്ന് പരിശോധിക്കണമെന്ന ഡോക്ടറുടെ നിർദേശം അന്വേഷണ സംഘം വേണ്ട വിധം കണക്കിലെടുത്തില്ലെന്നും വിചാരണക്കോടതി ഉത്തരവ് റദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ പുനർവിചാരണ നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ സിസിഐ അന്വേഷണത്തെ അനുകൂലിക്കാമെന്ന നിലപാടിലാണ് സർക്കാർ.

അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടത്. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിനാണു വീഴ്‌ച സംഭവിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ് ഇതിനു പിന്നാലെ പറഞ്ഞിരുന്നു. വാളയാര്‍ കേസ് തോല്‍ക്കാന്‍ കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എന്‍.രാജേഷും പറഞ്ഞിരുന്നു. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്.

ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.