മലപ്പുറം: വഖഫ് ട്രൈബ്യൂണലിൽ ഇകെ വിഭാഗം സുന്നികൾക്കും പ്രാതിനിധ്യം നൽകാൻ തീരുമാനമായി. മലപ്പുറം തവനൂരിൽ മന്ത്രി കെ.ടി.ജലീലുമായി സമസ്ത നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വഖഫ് ട്രൈബ്യൂണലിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രതിഷേധത്തിന് ഇതോടെ അന്ത്യം കുറിച്ചു. മന്ത്രിയുടെ ഉറപ്പിന്മേൽ ശനിയാഴ്ച നടത്താനിരുന്ന സമരവും പിൻവലിച്ചിട്ടുണ്ട്.
മൂന്നംഗ വഖഫ് ട്രൈബ്യൂണലിൽ ജില്ലാ ജഡ്ജി കെ.സോമനെ കൂടാതെ രണ്ട് അംഗങ്ങളാണ് ഉള്ളത്. ധനകാര്യ അണ്ടർ സെക്രട്ടറി എ.സി.ഉബൈദുള്ളയും അഭിഭാഷകൻ ടി.കെ.ഹസനെയുമാണ് സർക്കാർ നിയമിച്ചത്. എന്നാൽ ഇരുവരും സുന്നി കാന്തപുരം വിഭാഗത്തിൽ പെട്ടവരായതിനാലാണ് സമസ്ത പ്രതിഷേധവുമായി രംഗത്തുവന്നത്.
പിന്നാലെ വിപുലമായ സമര പരിപാടികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പദ്ധതിയിട്ടിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ വഖഫ് മുതവല്ലിമാരെ അണിനിരത്തി ഉദ്ഘാടന വേദിക്കുമുന്നിൽ ധർണ നടത്താനും ട്രൈബ്യൂണൽ ഓഫീസിലേക്ക് മാർച്ച് നടത്താനുമാണ് തീരുമാനിച്ചിരുന്നത്. ഇതേതുടർന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീൽ സുന്നി വിഭാഗത്തെ ചർച്ചയ്ക്ക് വിളിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.