കൊച്ചി: വാഗമൺ ലഹരിമരുന്ന് പാർട്ടിക്കേസിൽ ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് പാർട്ടി സംഘടിപ്പിച്ചതെന്നും സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു.

തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷൗക്കത്ത് എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് പൊലീസ് നിലപാട് നിലപാട് അറിയിച്ചത്. കേസിൽ ഷൗക്കത്ത് ആറും ബ്രിസ്റ്റി ഒൻപതും പ്രതികളാണ്. ഒന്നു മുതൽ എട്ട് വരെ പ്രതികൾ റിസോർട്ടിലെ ഒരു കെട്ടിടത്തിലും താൻ മറ്റൊരു കെട്ടിടത്തിലും ആയിരുന്നുവെന്നാണ് ബ്രിസ്റ്റിയുടെ വാദം.

തന്റെ കയ്യി നിന്ന് ചെറിയ അളവ് കഞ്ചാവ് മാത്രമാണ് പിടികൂടിയത്. എൽഎസ്‌ഡി മുതലായ ലഹരിമരുന്നുകൾ ഇല്ലായിരുന്നുവെന്നും ബ്രിസ്റ്റി ബോധിപ്പിച്ചു.

Read Also: 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ല; സ്പെഷൽ മാര്യേജ് ആക്ടിൽ സുപ്രധാന വിധി

ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളുടെ കയ്യിൽ നിന്ന് എൽഎസ്‌ഡി, എക്സ്റ്റസി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. ജാമ്യാപേക്ഷകളിൽ വിധി പറയാൻ കോടതി മാറ്റി.

വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ഡിസംബർ 20ന് രാത്രി നടന്ന റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ബ്രിസ്റ്റി ബിടെക് വിദ്യാർഥിനിയാണ്. വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ മാസമാണ് ചടങ്ങുകളെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. പ്രതികൾ 21 മുതൽ റിമാൻഡിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.