/indian-express-malayalam/media/media_files/uploads/2017/04/sreeram18011067_196850884159138_3443405978842410547_n.jpg)
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രികയുടെ മൊഴി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയിൽ വഫ ഫിറോസ് വ്യക്തമാക്കുന്നു.
ബഹ്‌റൈനിൽ നിന്നും ഒരുമാസത്തെ അവധിക്ക് എത്തിയതാണ് താനെന്നും ശ്രീറാം തന്റെ സുഹൃത്താണെന്നും വഫ മൊഴി നൽകി. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചുവെന്നും. വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കാറുമായി കവടിയാറിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയെത്തിയ താൻ തന്നെയാണ് കഫേ കോഫീ ഡേ വരെ വാഹനം ഓടിച്ചതെന്ന് സമ്മതിച്ചു. എന്നാൽ അവിടെ നിന്നും ശ്രീറാമാണ് വാഹനം ഓടിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നെന്നും അമിത വേഗത്തിൽ വാഹനം ഓടിക്കാൻ തുടങ്ങിയപ്പോൾ പതുക്കെ പോകാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടുവെന്നും വഫ മൊഴിയിൽ പറഞ്ഞു.
സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഐഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.