scorecardresearch
Latest News

നാളെ എനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യമാണ്; ശ്രീറാമിനെ തള്ളി വഫ

അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണു വാഹനം ഓടിച്ചിരുന്നതെന്നു വഫ നേരത്തെയും പറഞ്ഞിരുന്നു

നാളെ എനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ല, പറഞ്ഞതെല്ലാം സത്യമാണ്; ശ്രീറാമിനെ തള്ളി വഫ

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണ കുറിപ്പിനെ തള്ളി വഫ ഫിറോസ്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു വഫ ഫിറോസ് പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്ന് വഫ നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് താനല്ലെന്നും അപകട സമയത്തു മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ പൂർണമായി തള്ളിയാണ് വഫ ഇപ്പോള്‍ രംഗത്തെത്തിയത്.

Read Also: വാഹനം ഓടിച്ചത് വഫ തന്നെയെന്ന് ആവര്‍ത്തിച്ച് ശ്രീറാം; സസ്‌പെന്‍ഷന്‍ നീട്ടി

എന്ത് കാരണത്താലാണ് ശ്രീറാം ഇത് ആവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നു വഫ പറഞ്ഞു. “ഫൊറന്‍സിക് റിപ്പോര്‍ട്ടും ആറോ ഏഴോ പേരുടെ ദൃക്‌സാക്ഷി മൊഴികളും ഉണ്ട്. അതെല്ലാം ഇപ്പോള്‍ എവിടെ?. നടന്ന കാര്യങ്ങളെല്ലാം അപകട ശേഷം അതേപടി പറഞ്ഞിട്ടുണ്ട്. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. നാളെ എനിക്കെന്താണ് സംഭവിക്കുന്നതെന്നു പറയാന്‍ സാധിക്കില്ല. ഞാന്‍ എന്തെല്ലാം ഇതുവരെ പറഞ്ഞിട്ടുണ്ടോ അതെല്ലാം സത്യമാണ്. ശ്രീറാമിനുള്ള അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് എന്ത് വേണമെങ്കിലും കൃത്രിമത്വം കാണിക്കാം. ഞാന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു” വഫ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്. വിശദീകരണം പൂർണമായി തള്ളിയ സർക്കാർ ശ്രീറാമിന്റെ സസ്‌പെൻഷൻ കാലാവധി അറുപത് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു.

വാഹനമോടിച്ചത് താനല്ലെന്നു ശ്രീറാം ആവര്‍ത്തിച്ചു. വഫ ഫിറോസാണു വാഹനമോടിച്ചതെന്നും ശ്രീറാം ആവര്‍ത്തിച്ചു. ശ്രീരാമിനു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Read Also: റോയിയെ ജോളി കൊലപ്പെടുത്തിയത് സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാൻ: പൊലീസ്

ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം ലഭിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തതത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Wafa firoz against sreeram venkitaraman km basheer accident case