കൊച്ചി: വടക്കാഞ്ചേരി പീഡനക്കേസിലെ പെൺകുട്ടിയെ കാണാനുള്ള കടമ മുഖ്യമന്ത്രിക്കില്ലേയെന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാളം വാരിക മാഗസിനു നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. സംഭവം സത്യമോ നുണയോ എന്നു കോടതി തെളിയിക്കട്ടെ. ഇതൊരു കെട്ടുകഥയായിരുന്നുവെങ്കിൽ ഈ പെൺകുട്ടിക്ക് എതിരെ നടപടികളെടുത്തേ മതിയാകൂ എന്നാണ് എന്റെ പക്ഷം. ഇങ്ങനെ പരാതി മുന്നിൽ വരുന്പോൾ അതു കേൾക്കാനുള്ള സന്മനസ്സ് എന്തുകൊണ്ട് മുഖ്യമന്ത്രി കാണിക്കുന്നില്ല എന്നതാണ് എന്റെ ചോദ്യം. പത്രസമ്മേളനം നടന്നു മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെ മുഖ്യമന്ത്രി ആ കുട്ടിയെ കാണാൻ തയാറാകാത്തതിൽ വിഷമമുണ്ട്. ശരിക്കും ഒരു രാഷ്ട്രീയ പാർട്ടിയേയും വിശ്വസിക്കരുതായിരുന്നുവെന്നു തോന്നുന്നു. ആരും ഭരണത്തിൽ വന്നിട്ടും കാര്യമില്ല. സ്ത്രീകൾ അടിസ്ഥാനപരമായി അരക്ഷിതാവസ്ഥയിൽത്തന്നെയാണെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

മാധ്യമങ്ങൾക്കു മുൻപിൽ വരുന്നതിനു മുൻപു മുഖ്യമന്ത്രിയെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു. ഞാൻ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എന്നെ വിളിച്ചിരുന്നു. പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. പെൺകുട്ടിയുമായി മുഖ്യമന്ത്രിയെ കാണാൻ ഒരുപാടു ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഇതുവരെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ വ്യക്തമാക്കി.

വടക്കാഞ്ചേരി പ്രശ്നം ഞാൻ ഇടപെടുന്ന ആദ്യത്തെ കേസല്ല. പല ഭാര്യാഭർത്താക്കന്മാരും പലതരം പ്രശ്നങ്ങളുമായി എന്നെ ഇതിനു മുൻപും സമീപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി പീഡനക്കേസ് പുറത്തറിയുന്നതുവരെ ഇതിനു പബ്ലിസിറ്റിയൊന്നും ഉണ്ടായിരുന്നില്ല എന്നുമാത്രം. അന്ന് ആ പെൺകുട്ടിയുമൊരുമിച്ചു പത്രസമ്മേളനം കഴിഞ്ഞപ്പോൾ ഇതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്നു പറഞ്ഞ് ഒരുപാടുപേർ ഭീഷണിപ്പെടുത്തി. പക്ഷേ എനിക്കു കുഴപ്പമൊന്നും ഉണ്ടായില്ല. ഞാൻ ചെയ്തത് ഭയങ്കര സംഭവമാണ് എന്നെനിക്കു തോന്നിയിട്ടേയില്ല.

പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ച ഒരാളാണ് ഞാൻ. ഈ സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന വിഷയമായിരിക്കും സ്ത്രീ സുരക്ഷിതത്വം എന്നാണ് മുഖ്യമന്ത്രി ആദ്യംതന്നെ പറഞ്ഞത്. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരായി സ്ത്രീകളെയാണ് അദ്ദേഹം നിയമിച്ചത്. സ്ത്രീകൾക്കും അവരുടെ പ്രശ്നങ്ങൾക്കും കൊടുക്കുന്ന പ്രാധാന്യം എന്നെ സന്തോഷിപ്പിച്ചു. അതുകൊണ്ട് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തുന്പോൾ എന്തെങ്കിലും ഭവിഷ്യത്തിനക്കുറിച്ചോർത്തു ഞാൻ വ്യാകുലപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ തീർച്ചയായും നിരാശയുണ്ട്. ഇതിന്റെ അവസാനം എന്തുകൊണ്ട് ഇങ്ങനെയായിപ്പോയി എന്നെനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ. അപ്പോൾ ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതുമൊന്നുമല്ല യാഥർഥത്ഥ്യം എന്നെനിക്കു തോന്നുന്നു. ഇനി ഏതു വഴിക്കാണ് സഞ്ചരിക്കേണ്ടത് എന്നെനിക്ക് അറിയില്ലെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ