കൊച്ചി: വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ ലൈഫ് മിഷനെതിരായ അന്വേഷണ വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച (ഡിസംബർ 21) വരെ നീട്ടി. അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.
എവിടെയോ എന്തോ ദുരുഹത ഉണ്ടന്ന് കോടതി വാക്കാൽ പരാമർശിച്ചു. ലൈഫ് മിഷൻ സർക്കാർ പദ്ധതിആണോ, അതോ ഏജൻസി ആണോ എന്ന് കോടതി ആരാഞ്ഞു. സർക്കാർ പദ്ധതി ആണെന്ന് സർക്കാർ അറിയിച്ചു. ദുരൂഹത ഒന്നും ഇല്ലെന്നും പാവങ്ങൾക്ക് വീടുണ്ടാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ലൈഫ് മിഷനുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
നിയമപരമായ സാധുത ഉള്ള സ്ഥാപനം അല്ലെങ്കിൽ എങ്ങനെ ഒരു വിദേശ ഏജൻസിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ധാരണ പത്രത്തിൽ ലൈഫ് മിഷനും കക്ഷി അല്ലെയെന്നും ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ധാരണ ഇല്ലെ എന്നും കോടതി ചോദിച്ചു.
Read More: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ കുരുക്ക് മുറുക്കി സിബിഐ
യൂണിടാക്കിന് സർക്കാർ സ്ഥലം കൊടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
സർക്കാർ സ്ഥലം കൊടുത്തതിനു നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതി ധരാണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം കൊടുക്കാൻ ആവില്ലലോ എന്നും ചോദിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ കമ്മിീഷൻ മേടിച്ചെന്നാണ് ആരോപണമെന്നും അത് വിജിലൻസ് അന്വേഷിക്കുന്നുണ്ടന്നും വിദേശ സംഭാവനാ നിയന്തണ നിയമം നിലനിൽക്കില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ പല പ്രോജക്ടും നടപ്പാവില്ലന്നും വികസനം നടക്കില്ലന്നും വിദേശ സംഭാവനാ ചട്ടങ്ങളുടെ
ലംഘനമുണ്ടോ എന്ന് നോക്കിയാൽ മതി എന്നും മറ്റുള്ള കാര്യങ്ങളെ പറ്റി ആർക്കും ആക്ഷേപം ഇല്ല എന്നും സർക്കാർ വാദിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് അധോലോക ഇടപാടാണ് നടന്നതെന്ന വാദം സിബിഐ ആവർത്തിച്ചു. ടെൻഡർ ഇല്ലാതെയാണ് യൂണിടാക്കിന് കരാർ കിട്ടിയതെന്നും പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും സിബിഐ വാദിച്ചു. എല്ലാം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ആണെന്നും ഒരു മറ സൃഷ്ടിക്കാൻ മാത്രമാണ് സർകാർ ശ്രമമെന്നും വാദിച്ച സിബിഐ കേസ് ഡയറി ഹാജരാക്കാമെന്നും അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.