വടക്കാഞ്ചേരി: ലക്കിടി കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യമില്ല. പാലക്കാട് ലക്കിടി ജവാഹർ ലോ കോളജ് രണ്ടാംവർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. പാമ്പാടി നെഹ്റു കോളജ് പിആർഒ വൽസലകുമാരൻ, കായിക അധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവർക്കും ജാമ്യം നൽകിയില്ല. ആറാം പ്രതി അഡ്മിനിസ്ട്രേറ്റിവ് മാനേജർ സുകുമാരനു മാത്രം ജാമ്യം അനുവദിച്ചു.

റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാൾക്ക് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും നെഹ്റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രയ്ക്കാണു ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികളുടെ ജാമ്യഹർജിയിൽ കോടതി വിശദമായ വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ഈ കേസിൽ ഹൈക്കോടതിയിലും കൃഷ്ണദാസ് ജാമ്യ ഹർജി നൽകിയിട്ടുണ്ട്. കോടതി ഇന്ന് ഇത് പരിഗണിക്കും. കീഴ്ക്കോടതി ജാമ്യഹർജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തേക്കു മാറ്റിയത്. മുൻകൂർ ജാമ്യഹർജി ഇന്നലെ പരിഗണിച്ചപ്പോൾ പൊലീസ് നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ