കൊച്ചി: വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗതസംവിധാനമാണ് സമൂഹത്തിന് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള മികച്ച ഗതാഗത സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടില്ലായ്മ ഇത്തരം പദ്ധതികള്‍ക്ക് തടസ്സമാകില്ല. ഗതാഗത സംവിധാനം ഒരുക്കാനുള്ള പണം കിഫ്ബി വഴിയും ലഭ്യമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കുന്നുണ്ട്. വികസനത്തിന് അടിസ്ഥാനസൗകര്യം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നൽകുന്നുണ്ട്. വൈറ്റില ഫ്‌ളൈഓവര്‍ ദേശീയപാത അതോറിറ്റിയുടെ കീഴിലാണെങ്കിലും സമ്പൂര്‍ണ്ണമായി സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് നിര്‍മ്മാണം നടത്തുന്നത്. നിര്‍മാണത്തിന് അതോറിറ്റിയില്‍ നിന്നും സമ്മതപത്രം ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും ഗതാഗത തിരക്കേറിയതും പനവേല്‍ കന്യാകുമാരി ദേശീയ പാതയും എറണാകുളം ഏറ്റുമാനൂര്‍ സംസ്ഥാനപാതയും സന്ധിക്കുന്ന വൈറ്റില ജംങ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും വൈറ്റില ഫ്‌ളൈഓവര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറ്റില മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് 113 കോടി രൂപയ്ക്കാണ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. മെട്രോ റെയില്‍ കടന്നുപോകുന്നതിനാല്‍ നാലുവരി പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ മൂന്നുവരി വീതമുള്ള രണ്ട് ഫ്‌ളൈ ഓവറുകള്‍ ആയിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ പാലത്തിനും 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സെന്‍ട്രല്‍ സ്പാനുകളുമായി 440 മീറ്റര്‍ നീളമാണുള്ളത്. ഈ നീളവും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡും ഉള്‍പ്പെടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റര്‍ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റര്‍ നീളവുമാണുള്ളത്. ഫ്‌ളൈഓവറിന് ഇരുവശത്തുമായി മൊബിലിറ്റി ഹബ്ബില്‍ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റര്‍ നീളത്തിലും രണ്ടു സ്ലിപ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും സര്‍വീസ് റോഡുകളില്‍ വൈദ്യുതിവിളക്കുകള്‍, ഓട എന്നിവയും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുകളിലൂടെ ആറുമീറ്റര്‍ ക്‌ളിയറന്‍സില്‍ മെട്രോ റെയില്‍ നിര്‍മാണവും തടസം കൂടാതെ നടക്കും.

സംസ്ഥാന സര്‍ക്കാര്‍ പണിയുന്ന മേല്‍പ്പാലങ്ങള്‍ക്കൊന്നും ടോള്‍ ഉണ്ടായിരിക്കുകയില്ലെന്ന് യോഗത്തില്‍ അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വൈറ്റില മേല്‍പ്പാലത്തിനും ടോള്‍ ഏര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതിടത്ത് ടോളുകള്‍ ഇല്ലാതാക്കി. ഭാവിയില്‍ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രീയമായ പഠനം നടത്തി നടപടികള്‍ എടുക്കും. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകള്‍ പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റോഡ് പൊളിക്കുമ്പോള്‍ തന്നെ പുതുക്കി പണിയുന്ന തരം സാങ്കേതിക വിദ്യകള്‍ ലോകത്തുണ്ട്. സംസ്ഥാനത്തെ കോണ്‍ട്രാക്ടര്‍മാര്‍ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളുമുപയോഗിച്ച് റോഡ് പണിയാനാരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

കുണ്ടന്നൂര്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കും. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ നിരര്‍ത്ഥകമാണ്. പ്രി-ക്വോളിഫിക്കേഷന്‍ ടെന്‍ഡറില്‍ തള്ളിപ്പോയ ഒരാള്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് കുണ്ടന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങാത്തത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങുന്നവര്‍ പദ്ധതിക്ക് കാലതാമസം വരുത്തുകയാണ്. ഇത്തരം കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സ് പിന്‍വലിക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചിക്കും. സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനുള്ളില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ പാസുകളും മേല്‍പ്പാലങ്ങളും അടക്കം 50 എണ്ണം നിലവില്‍വന്നു. ഇപ്പോള്‍ 14 ഫ്‌ളൈഓവറുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. വിവേചനമോ അഴിമതിയോ ഇല്ലാതെ നിയമപ്രകാരവും കാര്യക്ഷമവും ആയിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണത്തില്‍ പുതിയ തന്ത്രങ്ങളും പുതിയ യന്ത്രങ്ങളും രീതികളും അവലംബിക്കുകയാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരം മാത്രമല്ല നിര്‍മിക്കുന്ന റോഡുകളുടെ എണ്ണവും വര്‍ദ്ധിക്കും. റവന്യൂ ചെലവ് നിയന്ത്രിക്കാനാവാത്തതിനാല്‍ സാധാരണഗതിയില്‍ വായ്പയെടുക്കുന്ന തുക ഇത്തരത്തില്‍ ചെലവാകുന്നു. നിര്‍മ്മാണ ചെലവുകള്‍ക്ക് തുക ഉപയോഗിക്കാന്‍ സാധിക്കാറില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരും. വായ്പാ പണം മുഴുവന്‍ നിര്‍മ്മാണ ചെലവിനായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണത്തിന്റെ രണ്ടാംഘട്ടമായി വൈറ്റില ജംങ്ഷനിലെ ഗതാഗത കുരുക്കഴിക്കാന്‍ മറ്റു ചില പദ്ധതികളും നിലവില്‍വരും. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കും ഗതാഗതം സുഗമമാക്കാനായി അണ്ടര്‍ പാസ് നിര്‍മിക്കാനും വൈറ്റില ജംഗ്ഷന്‍ പുനരുദ്ധാരണത്തിനും പദ്ധതിയുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

തമ്മനം പുല്ലേപ്പടി റോഡിന്റെ ശോചനീയാവസ്ഥ ആശംസാപ്രസംഗത്തിനിടെ മേയര്‍ സൗമിനിജെയിന്‍ പരാമര്‍ശിച്ചു. റോഡ് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാവുന്നതാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വൈറ്റില ഫ്‌ളൈഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 78.36 കോടി രൂപയ്ക്ക് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. കെ.വി.തോമസ് എംപി, എംഎല്‍എമാരായ എം.സ്വരാജ്, കെ.ജെ.മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ പി.മോഹനന്‍, കൊച്ചി ഡപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, മുന്‍ എംപി പി.രാജീവ്, പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ധന റാവു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.