scorecardresearch
Latest News

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത് വി ഫോര്‍ കേരളക്കാരെന്ന് പൊലീസ്; നാലുപേർ അറസ്റ്റിൽ

തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ വി ഫോർ കേരളക്കാരും ഇവർക്കെതിരെ ഡിവൈഎഫ്ഐക്കാരും രംഗത്തെത്തിയതോടെ മരട് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥ

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത് വി ഫോര്‍ കേരളക്കാരെന്ന് പൊലീസ്; നാലുപേർ അറസ്റ്റിൽ

കൊച്ചി:ഉദ്ഘാടനം കഴിയാത്ത വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ടത് സംഭവത്തിൽ വി ഫോർ കേരള പ്രവർത്തകരായ നാലുപേർ അറസ്റ്റിൽ. കോര്‍ഡിനേറ്റര്‍ നിപുൺ  ചെറിയാന്‍, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരെയാണ് മരട് പൊലീസ്  പിടികൂടിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു.

 

നാല്‍പതോളം പൊലീസുകാര്‍ അര്‍ധരാത്രി കാക്കനാട്ടെ ഫ്ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്നവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പാലത്തില്‍ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെയും കേസുണ്ട്.

നിപുൺ  ചെറിയാന്‍ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിനെതിരെ വി ഫോർ കേരള പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഇവർക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തിയതോടെ ഇവിടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നു.

അറസ്റ്റിലായ വി ഫോർ പ്രവർത്തകരെ പിന്നീട് വീഡിയോ കോൺഫറൻസ് വഴി കോടതിക്കു മുൻപാകെ ഹാജരാക്കി. പാലം തുറന്നുകൊടുത്ത സംഭവത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് കോടതിക്കു മുമ്പാകെ പറഞ്ഞു. ഇവ എന്താണെന്നു വ്യക്തമാക്കുന്ന മഹസർ റിപ്പോർട്ട് സഹിതം അറസ്റ്റിലായവരെ ഇന്ന് വ്യാഴാഴ്ച നേരിട്ട് ഹാജരാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി.

അതേസമയം, പാലം തുറക്കുന്നതിനുവേണ്ടി സമരത്തിലായിരുന്നെങ്കിലും തുറന്നത് തങ്ങളല്ലെന്ന് വി ഫോര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു. പ്രവൃത്തി പൂർത്തിയായി ഭാരപരിശോധന കഴിഞ്ഞിട്ടും പാലം തുറക്കാത്തതിനെതിരെ വി ഫോര്‍ കേരള രംഗത്തെത്തിയിരുന്നു. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് പാലം പരിസരത്ത് പൊലീസ് കാവലുണ്ടായിരുന്നു. ഇന്നലെ രാത്രി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ചിലർ പാലം തുറന്നത്.

ചൊവ്വാഴ്ച രാത്രി ഏഴോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് ആദ്യം പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലം ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേല്‍പ്പാലത്തില്‍ കയറി. ഇവരെയെല്ലാം പൊലീസ് എത്തി ബലമായി  തിരിച്ചിറക്കി. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്‌നത്തിനു പരിഹാരമായത്.

Read Also: മുൻകൂർ അനുമതി വേണം; ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇന്നലത്തെ സംഭവമുണ്ടായത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.

സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേല്‍പ്പാലം നിർമ്മാണം. പ്രവൃത്തികള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണമായും പണം കണ്ടെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vytila traffic block kochi traffic

Best of Express