കൊച്ചി: ഉദ്‌ഘാടനത്തിനു മുൻപ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസിൽ അറസ്റ്റിലായ ‘വി ഫോർ കേരള’ നേതാക്കളെയും പ്രവർത്തകരെയും ജാമ്യത്തിലിറക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംഘടന. കേസ് നടത്തിപ്പിനും ജാമ്യത്തുകകൾ കെട്ടിവയ്‌ക്കുന്നതിനുമായി മൂന്ന് ലക്ഷം രൂപയ്‌ക്കുമേൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് വി ഫോർ കേരള ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടു.

കടം വാങ്ങിയാണ് പ്രവർത്തകരെ ജാമ്യത്തിലിറക്കിയത്. വക്കീലൻമാരുടെ ഫീസുകൾ ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് വി ഫോർ കേരളയെ സ്‌നേഹിക്കുന്നവർ സംഭാവന നൽകണമെന്നാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേർ ഈ പോസ്റ്റിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഉദ്‌ഘാടനത്തിനു മുൻപ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ ‘വി ഫോര്‍ കേരള’ ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം ലഭിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ പുറത്തിറങ്ങാൻ സാധിക്കും.

Read Also: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം. നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും വ്യവസ്ഥയിലുണ്ട്.

ഉദ്ഘാടനം കഴിയാത്ത വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ടത് സംഭവത്തിൽ ‘വി ഫോർ’ പ്രവർത്തകരായ നാലുപേരെയാണ് ജനുവരി എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്. കോര്‍ഡിനേറ്റര്‍ നിപുൺ ചെറിയാന്‍, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. നാല്‍പതോളം പൊലീസുകാര്‍ അര്‍ധരാത്രി കാക്കനാട്ടെ ഫ്ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്.

Read Also: നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം? ചാറ്റ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

അതേസമയം, പാലം തുറക്കുന്നതിനുവേണ്ടി സമരത്തിലായിരുന്നെങ്കിലും തുറന്നത് തങ്ങളല്ലെന്ന് ‘വി ഫോര്‍’ ഭാരവാഹികള്‍ പറഞ്ഞിരുന്നു. പ്രവൃത്തി പൂർത്തിയായി ഭാരപരിശോധന കഴിഞ്ഞിട്ടും പാലം തുറക്കാത്തതിനെതിരെ വി ഫോര്‍ സംഘടന രംഗത്തെത്തിയിരുന്നു.

ജനുവരി ഏഴിന് രാത്രി ഏഴോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് ആദ്യം പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലം ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേല്‍പ്പാലത്തില്‍ കയറി. ഇവരെയെല്ലാം പൊലീസ് എത്തി ബലമായി തിരിച്ചിറക്കുകയായിരുന്നു. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്‌നത്തിനു പരിഹാരമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.