കൊച്ചി: എറണാകുളം ജില്ലയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേല്‍പ്പാലം നിർമ്മാണം. പ്രവൃത്തികള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുതുവത്സരം ആദ്യം തന്നെ ജനങ്ങൾക്കായ് തുറന്ന് കൊടുക്കുന്ന വൈറ്റില മേൽപ്പാലം..
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്റേയും 82.74 കോടി രൂപയുടെ കുണ്ടന്നൂർ മേല്‍പ്പാലത്തിന്റേയും പ്രവൃത്തികള്‍ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യം തന്നെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം നാടിന് സമർപ്പിക്കും.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടർ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
പിണറായി സർക്കാർ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി ഈ പ്രോജക്ടുകള്‍ പ്രാവർത്തികമാക്കാനാണ് തയ്യാറായത്.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്കു സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തി നല്‍കുന്നത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.
ആലപ്പുഴ ബൈപ്പാസ് – വന്നു കണ്ടു പുതുവർഷത്തിൽ ഉദ്ഘാടനത്തിന് വഴി തുറന്നു..
ബൈപ്പാസിലെ മേല്‍പ്പാലത്തിന്റെ എല്ലാ…
Posted by G Sudhakaran on Friday, 18 December 2020
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ തീയതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മന്ത്രി ജി സുധാകരന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.