കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ മാര്‍ച്ചില്‍ തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പദ്ധതികളുടെ പുരോഗതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. നിർമാണച്ചെലവ്  78.37 കോടി രൂപ. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റില പല ഭാഗത്തുനിന്നു വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായെന്നും മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗത യോഗ്യമാക്കാനാകുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read Also: ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ അഞ്ച് മടങ്ങ് മുന്നിൽ

750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പണി പൂര്‍ത്തിയായി. ദേശീയപാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും സംസ്ഥാന സർക്കാർ ചെയ്യാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണം ഫ്ളെെ ഓവർ നിർമാണമാണെന്നും അത് പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഫ്ളെെ ഓവർ നിർമാണം പൂർത്തിയാകും വരെ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.