ആലപ്പുഴ: പാര്‍ട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. നേരത്തെ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടും.
സൗത്ത് ഏരിയ കമ്മിറ്റിയിലെ മറ്റൊരു അംഗമായ പിഡി ജയനെതിരാണ് ഭീഷണി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാന്‍ തീരുമാനമായിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് പാര്‍ട്ടി നേതൃത്വം കടന്നേക്കും.
ജയന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നത്. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ മഹീന്ദ്രൻ, ജി രാജമ്മ എന്നിവരടങ്ങിയ കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു.
ഇന്നലെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നത്. സോണയ്ക്കെതിരായ ആരോപണത്തില്‍ ചിലര്‍ സംശയം ഉയര്‍ത്തിയതോടെ പരാതിക്കാര്‍ നല്കിയ വീഡിയോ നേതൃത്വം കാണുകയായിരുന്നു. വൈകാതെ തന്നെ സോണയെ പുറത്താക്കാനുള്ള തീരുമാനവുമുണ്ടായി.