/indian-express-malayalam/media/media_files/uploads/2019/03/mullappally-cats-horz-006.jpg)
കോട്ടയം: വിമർശനമുയർത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു പരോക്ഷ മറുപടിയുമായി വി.ടി. ബൽറാം എംഎൽഎ. താന്‍ ഇന്നലെ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞാണ് ബല്‍റാമിന്റെ വിമര്‍ശനം. തന്റെ സേവനമൊക്കെ കഴിഞ്ഞ് സൗകര്യമുള്ള സമയത്താണ് ഫെയ്സ്ബുക്കിൽ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും ഇത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വ്യക്തമാക്കി.
കെ.ആർ. മീരയുമായുള്ള ഫെയ്സ്ബുക്ക് വിവാദത്തിൽ ബൽറാമിനെ വിമർശിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. പൊതുസമൂഹത്തിൽ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 'അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എകെജിക്കെതിരേ നടത്തിയ അക്ഷേപങ്ങളുടെ പേരിൽ ബൽറാമിന് താക്കീത് നൽകിയിരുന്നെന്നും ബൽറാം കേൾക്കാൻ തയാറാകുന്നില്ലെന്നും മുല്ലപ്പള്ളി പരിതപിച്ചു.
വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച. പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം. കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച. പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.
ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു. ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ. പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം. തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.
അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം. കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം. രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.
.......
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും DCC പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.