scorecardresearch

സാമുവലിന്റെ വാദങ്ങൾ ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ല, പിന്തുണച്ച് വി.ടി.ബെൽറാം

5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നൽകിയതെന്നത് തീർത്തും തുച്ഛമാണ്

5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നൽകിയതെന്നത് തീർത്തും തുച്ഛമാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സാമുവലിന്റെ വാദങ്ങൾ ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ല, പിന്തുണച്ച് വി.ടി.ബെൽറാം

കോഴിക്കോട്: സുഡാനി ഫ്രൈം നൈജീരിയ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ അബിയോള റോബിൻസൺ തന്റെ പ്രതിഫലം കുറഞ്ഞുപോയെന്ന് ഉയർത്തിയ വാദം തളളിക്കളയാനാവില്ലെന്ന് വി.ടി.ബെൽറാം. 5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നൽകിയതെന്നത് തീർത്തും തുച്ഛമാണ്. പ്രൊഡക്ഷൻ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണ് എന്ന് പറയാതെ വയ്യെന്നും ബെൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വി.ടി.ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisment

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടു കഴിഞ്ഞ ഉടനേ ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് "മനുഷ്യനന്മയിൽ വിശ്വാസം തിരിച്ചു നൽകുന്ന സിനിമ" എന്നായിരുന്നു. എന്നാൽ ആ സിനിമയുമായി ബന്ധപ്പെട്ട ഇപ്പോഴുള്ള വിവാദങ്ങൾ എന്നെ തിരുത്തുകയാണെന്ന് പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. ജാതി, മത, ദേശ, വംശീയ ചിന്തകൾക്കപ്പുറത്തുള്ള മനുഷ്യ സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും ഒരു നാടിന്റെ നിഷ്കളങ്ക നന്മയുടേയും സന്ദേശം സ്ക്രീനിൽ കാണുമ്പോഴും അണിയറയിൽ നിന്ന് വംശീയതയുടേയും ചൂഷണത്തിന്റേയും ആരോപണങ്ങളാണ് ഉയരുന്നതെന്നത് ദൗർഭാഗ്യകരമാണ്.

ചിത്രത്തിൽ ഏറെ ആകർഷകമായ "സുഡു"വിന്റെ റോൾ ചെയ്ത നൈജീരിയൻ അഭിനേതാവ് സാമുവൽ അബിയോള റോബിൻസൺ തന്റെ പ്രതിഫലത്തേക്കുറിച്ച് ഉയർത്തുന്ന പ്രശ്നങ്ങൾ തീർച്ചയായും ഗൗരവത്തോടെ കാണേണ്ടതാണ്. 5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നൽകിയതെന്നത് തീർത്തും തുച്ഛമാണ്. ഈ തുക സാമുവൽ അംഗീകരിച്ച് കരാർ ഒപ്പിട്ടതാണെന്നും അദ്ദേഹത്തിനത് ആദ്യമേ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നുമുള്ള പ്രൊഡക്ഷൻ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണ് എന്ന് പറയാതെ വയ്യ. വളരെ ചെലവ് കുറച്ച് എടുക്കുന്ന ഒരു ചിത്രം എന്ന നിലയിലാണ് കലയോടുള്ള അഭിനിവേശത്തിന്റെ പേരിൽ താൻ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും എന്നാൽ സാമാന്യം നല്ല ബജറ്റിൽ വിദേശ മാർക്കറ്റ് അടക്കം ലക്ഷ്യം വച്ചുള്ള ഒരു സിനിമയാണിത് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് എന്നുമുള്ള സാമുവലിന്റെ വാദങ്ങൾ ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ല.

സിനിമയിലെ പ്രതിഫലത്തിന് അങ്ങനെ വസ്തുനിഷ്ഠ മാനദണ്ഡങ്ങളൊന്നും നിലവിലില്ല എന്നും ഒരു പരിധിക്കപ്പുറം അത് പ്രയോഗവൽക്കരിക്കുക എന്നത് എളുപ്പമല്ല എന്നും അംഗീകരിക്കുമ്പോൾത്തന്നെ ന്യായവും മാന്യവുമായ പ്രതിഫലം എല്ലാവർക്കും ഉറപ്പുവരുത്താൻ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ സിനിമക്ക് കഴിയേണ്ടതുണ്ട്. തന്റെ സഹ അഭിനേതാക്കൾക്കും തന്റെ തന്നെ മുൻകാല ചിത്രങ്ങൾക്കും ലഭിക്കുന്ന പ്രതിഫലവുമായി ഇപ്പോഴത്തേതിനെ താരതമ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യം സാമുവലിനുണ്ട്. അത്തരമൊരു താരതമ്യത്തിൽ തന്റെ പ്രതിഫലം ഗണ്യമായി കുറവാണെന്ന് പിന്നീടാണെങ്കിലും തിരിച്ചറിയുന്ന സാമുവലിന് അതിന്റെ പിറകിൽ തന്റെ വിദേശ പശ്ചാത്തലവും തൊലിയുടെ നിറവും വിവേചനപരമായ പങ്ക് വഹിച്ചിട്ടുണ്ടോ എന്ന സംശയമുയരുന്നത് സ്വാഭാവികമാണ്. ലോകമെമ്പാടും റേസിസത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ ആശങ്ക തീർത്തും ന്യായമാണ്, അത് പരിഹരിച്ച് ഈ നാടിന്റെ ജനാധിപത്യ ബോധത്തേക്കുറിച്ചുള്ള വിശ്വാസം തിരിച്ചു നൽകേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെയും സാംസ്കാരിക ലോകത്തിന്റേയും ഉത്തരവാദിത്തമാണ്.

Advertisment

സിനിമയിൽ പരുക്കു പറ്റി നാട്ടിലേക്ക് മടങ്ങുന്ന 'സുഡു'വിന് വിലപേശി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് എടുത്തു കൊടുക്കുന്നുണ്ട് മാനേജരായ മജീദ്. അതയാളുടെ ഉത്തരവാദിത്തമാണ്. ആ നിലക്കുള്ള കരാറുമുണ്ടായിരിക്കാം. എന്നാൽ മജീദിന്റെ ഉമ്മമാർ 'സുഡു'വിന് നൽകുന്നത് വിലകൂടിയ ഫോറിൻ വാച്ചും "ഇത് അന്റെ പെങ്ങൾക്ക് കൊടുത്തോ" എന്ന് പറഞ്ഞ് ഒരു ജോഡി സ്വർണക്കമ്മലുമാണ്. ഫുട്ബോൾ കളിച്ച് കാശുണ്ടാക്കാൻ വേണ്ടി മലപ്പുറത്തേക്ക് വന്ന നൈജീരിയക്കാരൻ "സുഡാനി"ക്ക് കരാർ പ്രകാരം നൽകുന്ന പ്രതിഫലത്തിന്റെ ഭാഗമല്ല ആ വാച്ചും സ്വർണക്കമ്മലും. അതൊരു നാടിന്റെ സ്നേഹമാണ്, നന്മയുള്ള ഗ്രാമീണരുടെ കരുതലാണ്, വൻകരകൾക്കപ്പുറത്തുള്ള മനുഷ്യജീവിതങ്ങളോടുള്ള ഐക്യപ്പെടലാണ്. സ്ക്രീനിൽ മാത്രമല്ല, പുറത്തും അതുണ്ടാകണമെന്നാണ് നമ്മുടെ ആഗ്രഹം.

Sudani From Nigeria Vt Balram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: