കൊച്ചി: ആര്‍എസ്എസിന്റെ ആയുധപരിശീലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ ഉത്തരമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന്‌ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്‌, ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ. ആർഎസ്‌എസിന്റെ ആയുധപരിശീലങ്ങൾക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ്‌ പോലും രജിസ്റ്റർ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിക്ക്‌ ഇതുവരെ ധൈര്യം വന്നിട്ടില്ലെന്നും ബല്‍റാം കുറ്റപ്പെടുത്തി.

ആയുധപരിശീലനങ്ങളേക്കുറിച്ച്‌ ഇനിയും ശ്രദ്ധയിൽപ്പെടാത്ത മുഖ്യമന്ത്രി സ്വന്തം പ്രൈവറ്റ്‌ സെക്രട്ടറിയായ എംവി ജയരാജനോട്‌ ചോദിച്ചാൽ മതിയെന്നും ആർഎസ്‌എസിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ച്‌ ഒരു ചാനല്‍ ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ട ഇൻവസ്റ്റിഗേറ്റീവ്‌ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപി നേതാവ്‌ വി വി രാജേഷിന്റെ വെല്ലുവിളിക്ക്‌ മുന്നിൽ പ്ലിംഗിയിരുന്നത്‌ ഇതേ ജയരാജൻ തന്നെയായിരുന്നു എന്ന് കേരളം മറന്നിട്ടില്ലെന്നും ബല്‍റാം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ