തന്നെ വിവരദോഷിയെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മൻമോഹൻ സിങ്ങിനെതിരെ എം.എം മണി നടത്തിയ പരാമർശം ഉയർത്തിക്കാട്ടിയാണ് ബൽറാമിന്റെ നടപടി. മദ്യപിക്കാനായി യുഎസില്‍ പോകുന്ന വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്നായിരുന്നു മന്ത്രി മണി ഉന്നയിച്ച ആരോപണം. ഇങ്ങനെ പറഞ്ഞിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നാണ് ബല്‍റാം ഉയര്‍ത്താന്‍ ശ്രമിക്കുന്ന വാദം. അതേസമയം, ഏറെ പ്രതിരോധത്തിലായിട്ടിലും എകെജിയെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ ബല്‍റാം മൗനം പാലിക്കുകയാണ്.
വി.ടി ബൽറാമിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ചുവടെ –
ഡോ. മന്മോഹൻ സിങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിങ് ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഘവീക്ഷണമുളള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ് സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിങിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു