തിരുവനന്തപുരം: റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ തുറന്ന കത്തിലൂടെ കടുത്ത വിമര്‍ശനമുന്നയിച്ച എംബി രാജേഷ് എംപിയെ അഭിനന്ദിച്ച് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം എബി രാജേഷിനെ അഭിനന്ദിച്ചത്.

‘മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എംബി രാജേഷ് എംപിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്’ എന്നായിരുന്ന ബല്‍റാമിന്റെ പ്രതികരണം. ഇന്നത്തെ എറണാകുളത്ത് മുസ്ലിം ഏകോപന സമിതി നടത്തുന്ന ഹർത്താൽ ശുദ്ധ അസംബന്ധമാണെന്നും ബൽറാം പോസ്റ്റിൽ പറയുന്നു. കോടതി വിധി, അതെത്ര തെറ്റാണെങ്കിലും, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടതെന്നും ബൽറാം അഭിപ്രായപ്പെട്ടു.

അര്‍ണബ് ഗോസ്വാമിക്ക് തുറന്ന കത്തെഴുതി എംപി എംബി രാജേഷ്. റിപ്പബ്ലിക് ടിവിയിലെ ഒരു ചര്‍ച്ചയില്‍ സംവദിക്കാന്‍ അവസരം നല്‍കാത്തതുമുതല്‍, അര്‍ണബ് ഗോസ്വാമിയുടെ രാഷ്ട്രീയവും അജ്ഞതയും പരിശോധിക്കണമെന്നും രാജേഷ് തുറന്നകത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവിയില്‍ അര്‍ണബിന്റെ ചര്‍ച്ചയില്‍ രാജേഷ് എത്തിയിരുന്നു. അന്ന് അര്‍ണബ് രാജേഷിന് സംസാരിക്കാന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായി അര്‍ണബ് പെരുമാറിയിരുന്നു. അര്‍ണബ് ഗോസ്വാമിയെന്ന മാധ്യമപ്രവര്‍ത്തകനെ പൊളിച്ചടുക്കുന്നതാണ് രാജേഷിന്‍റെ തുറന്ന കത്ത് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അര്‍ണാബ് ഒരു സത്യം മാത്രമേ പറഞ്ഞുള്ളു. അത് രാജേഷിനേക്കാളും ഉയര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അര്‍ണാബ് പറഞ്ഞതാണ് എന്ന് സൂചിപ്പിച്ചാണ് രാജേഷ് കത്ത് ആരംഭിക്കുന്നത്. അത് കാണിക്കുന്നത് അർണാബിന്റെ അഹങ്കാരം, അസഹിഷ്ണുത, വിലകുറഞ്ഞ സംസ്‌ക്കാരം എന്നിവയാണ് എന്നും രാജേഷ് കത്തിൽ കുറ്റപ്പെടുത്തുന്നു.

താനൊരു വലിയ നേതാവല്ലെന്ന് സമ്മതിക്കുന്നു എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് തനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌ക്കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാണിക്കുന്നു.

തനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത് താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള അജ്ഞത, വിശ്വാസ്യത, എന്തിനേറെ മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മ വിശ്വാസം പോലുമില്ലെന്നാണ്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് അര്‍ണാബിനെ പരിഹസിച്ചു കൊണ്ട് കത്തില്‍ തുറന്നടിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.