തിരുവനന്തപുരം: മഠാധിപതിക്ക് ഇരിക്കാനൊരുക്കിയ ‘സിംഹാസനമെടുത്ത്’ മാറ്റിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. രാഷ്ട്രീയ നേതാക്കൾ ഇങ്ങനെ അൽപം ആർജ്ജവത്തോടെ ഇടപെടാൻ തുടങ്ങിയാൽ തീർക്കാവുന്നതേയുള്ളൂ മതത്തിന്റെയും വിശ്വാസത്തിന്റേയുമൊക്കെ പേര്‌ പറഞ്ഞ്‌ ഇത്തിൾക്കണ്ണികളായി വിലസുന്ന ഇത്തരം ചൂഷക വർഗ്ഗങ്ങളുടെ നെഗളിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏതോ കാലത്തെ “രാജകുടുംബ”ങ്ങളിലെ ഇപ്പോഴത്തെ അംഗങ്ങളെ കാണുമ്പോഴേക്കും കവാത്ത്‌ മറന്ന് ഭയഭക്തിബഹുമാനത്തോടെ ഓച്ഛാനിച്ചു നിൽക്കുന്ന ശീലവും കൂട്ടത്തിൽ ഒഴിവാക്കപ്പെടേണ്ടതാണെന്നും ബല്‍റാം എംഎല്‍എ വ്യക്തമാക്കി.

തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ ‘സിംഹാസന’മെടുത്ത് മാറ്റിയ വാര്‍ത്ത മംഗളം പത്രം ചിത്രസഹിതം കൊടുത്തിരുന്നു. പിന്നാലെ ഇത് നവമാധ്യമങ്ങളിലും ചര്‍ച്ചയായി.

ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ ‘സിംഹാസനം’ ഒരുക്കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനെന്ന് ചോദിച്ചതോടെയാണ് സംഘാടകര്‍ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് പറഞ്ഞത്. അങ്ങനെ ഒരു പതിവ് വേണ്ടെന്ന് പറഞ്ഞ മന്ത്രി ശിവകുമാർ എംഎൽഎയുടെ സഹായത്തോടെ അത് വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. ഒടുവില്‍ മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറാതെ തിരിച്ചു പോവുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ