കൊച്ചി: ശിശു ദിനത്തില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. ‘ഭരണാധികാരിയുടെ നെഞ്ചിന്‌ വേണ്ടത്‌ അമ്പത്താറിഞ്ചിന്റെ പഞ്ചല്ല, സ്നേഹത്തിന്റെയും ഉൾക്കൊള്ളലിന്റേയും പനിനീർപ്പൂവിന്റെ മൊഞ്ചാണ്‌’, വിടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വസ്ത്രത്തില്‍ റോസാപൂവ് ചേര്‍ത്തുവയ്ക്കുന്ന പശ്ചാത്തലമുളള ചിത്രത്തിനൊപ്പമാണ് ബല്‍റാമിന്റെ പോസ്റ്റ്. ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് ഓര്‍മ്മയിലെത്തുന്നതും ഈ രൂപമാണ്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. റോസാപ്പൂ അദ്ദേഹത്തിന്റെ കുപ്പായത്തില്‍ സ്ഥിരമായുണ്ടായിരുന്നതിന് പിന്നിലൊരു കഥയുണ്ട്.

വളരെ നാള്‍ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിനറുതിവരുത്തി ഇന്ത്യ സ്വതന്ത്രമായ കാലം. ധാരാളം ആരാധകരും രാജ്യസ്‌നേഹികളും ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണുവാന്‍ പാരിതോഷികങ്ങളുമായി എത്തുന്ന പതിവുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാന്‍ ക്യൂവില്‍ വന്നുനിന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആ സ്ത്രീയെ അദ്ദേഹത്തിനടുത്തേയ്ക്ക് കടത്തിവിടുവാന്‍ തയ്യാറായില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രധാരണവുമായെത്തുന്നവര്‍ക്കായിരുന്നു സന്ദര്‍ശകരില്‍ പ്രാധാന്യമുണ്ടായിരുന്നത്. നിഷ്‌കളങ്കയായ ആ സ്ത്രീയുടെ മനസില്‍ ഇത് വളരെ വേദനയുണ്ടാക്കി. അവരുടെ വീട്ടുമുറ്റത്ത് വളര്‍ന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നല്‍കാനുള്ള നിവൃത്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല.

അങ്ങനെ ദിവസങ്ങള്‍ പലത് കടന്നുപോയി. എങ്ങനെയും തന്റെ സമ്മാനം ചാച്ചാജിക്ക് നല്‍കണമെന്ന ആഗ്രഹം ആ സ്ത്രീ ഉപേക്ഷിച്ചില്ല. ദിവസവും വിടര്‍ന്നൊരു റോസാപ്പൂവുമായി അവര്‍ നെഹ്‌റുവിനെ കാണാന്‍ ചെന്നിരുന്നു. അദ്ദേഹമാവട്ടെ ഈ വിവരം അറിഞ്ഞുമില്ല. ഒരിക്കല്‍ സെക്യൂരിറ്റിക്കാരുമായി തര്‍ക്കിക്കുന്നൊരു സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. സമ്മാനം എന്തുതന്നെയായാലും അത് നല്‍കുവാനുള്ള സന്മനസിനെയാണദ്ദേഹം പ്രകീര്‍ത്തിച്ചത്. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി അത് കുത്തിവച്ചു. അത് കണ്ടപ്പോള്‍ ആ സ്ത്രീക്കും സന്തോഷമായി. ഗ്രാമീണയായ പാവപ്പെട്ട ഒരു സ്ത്രീ നല്‍കിയ റോസാപ്പൂവായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ അടയാളമായി ബാക്കിവച്ചത്. പൂക്കളെ സ്‌നേഹിക്കുന്ന സഹൃദയനായ ചാച്ചാജിയുടെ പ്രതീകമായി കൂട്ടുകാര്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ