പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനാവാതെ മനിതി സംഘം മടങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. നിലക്കൽ മുതൽ സന്നിധാനം വരെ സര്‍ക്കാരിന് മതില് കെട്ടാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

‘കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ,’ ബല്‍റാം കുറിച്ചു.

ശബരിമല ദർശനത്തിന് ശ്രമിച്ചത്​ പ്രതിഷേധക്കാർ തടഞ്ഞതോടെ മലകയറാനാകാതെ മനിതി സംഘം മടങ്ങുകയായിരുന്നു. മലകയറാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക്​ നേരെ നൂറുകണക്കിന്​ പ്രതിഷേധക്കാർ ഇരച്ചെത്തിയതിനെ തുടർന്ന്​ സംഘം​ തിരിച്ചോടുകയായിരുന്നു. പമ്പയിൽ പ്രതിഷേധക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കുന്നതിനിടെയാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​.

പിന്നീട് പമ്പയില്‍ നിന്ന് മടങ്ങിയ മനിതി സംഘത്തിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. തേനി-മധുര ദേശീയ പാതയില്‍ വെച്ചാണ് അക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. തമിഴ്നാട് പൊലീസിന്റെ സംരക്ഷണയിലാണ് സംഘം മടങ്ങിയത്. ഇടുക്കിയില്‍ വെച്ച് ഇവരുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എന്നാല്! പൊലീസ് ഇടപെട്ട് ഇവരെ നീക്കി.

പമ്പയിൽ ആറുമണിക്കൂർ കാത്തിരുന്ന ശേഷമാണ്​ സംഘം മടങ്ങിയത്​കാനനപാതയിലൂടെ മുന്നോട്ടുപോയ സംഘത്തിന്​ നേരെ നൂറുകണക്കിന്​ പ്രതിഷേധക്കാർ ഓടിയടുക്കുകയായിരുന്നു. പ്രതിഷേധക്കാർ യുവതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പൊലീസ്​ ഇവരെയും കൊണ്ട്​ തിരിച്ചോടി. 100 മീറ്ററോളം തിരികെ ഓടിയ പൊലീസ്​ ഇവരെ ഗാർഡ്​ റൂമിലെത്തിച്ചു.

എന്നാൽ പ്രതിഷേധക്കാർ ഇവരെ പിന്തുടർന്ന്​ ഗാർഡ്​ റൂമിനു മുന്നിൽ കൂട്ടം കൂടിനിന്നു. തുടർന്ന്​ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതിനെ തുടർന്ന്​ മനിതി സംഘത്തെ പൊലീസ്​ വാഹനത്തിൽ കയറ്റി പമ്പ സ്​റ്റേഷനിലേക്ക്​​ മാറ്റി. അവിടെ സ്​പെഷ്യൽ പൊലീസ്​ ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രനും മറ്റ്​ മുതിർന്ന ഉദ്യോഗസ്​ഥരും സംഘവുമായി ചർച്ച നടത്തി. തുടർന്ന്​ ഇവർ സ്വമേധയാ തിരിച്ചുപോവുകയാണെന്ന്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. എന്നാൽ പൊലീസ്​ നിർബന്ധിച്ചതിനെ തുടർന്നാണ്​ തിരിച്ചു പോകുന്നതെന്ന്​ മനിതി സംഘം നേതാവ്​ സെൽവി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.