തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്ക് കിട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. ബിനോയിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞതിനെ പരിഹസിച്ചാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയത്.

തന്റേതല്ലാത്ത കാരണങ്ങളാൽ ദുബായിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പരിഹസിച്ചു. രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ പിതാവിന് ആഗ്രഹമുണ്ടാവില്ലേയെന്നും അദ്ദേഹം പരിഹസിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബായ് ജാസ് ടൂറിസം നൽകിയ കേസിലാണ് ദുബായ് പൊലീസ് ബിനോയിക്കെതിരെ നടപടി എടുത്തത്. എമിഗ്രേഷൻ അധികൃതരാണ് പൊലീസ് നിർദേശത്തെ തുടർന്ന് ബിനോയിയെ വിമാനത്താവളത്തിൽ തടഞ്ഞത്. ബിനോയ്ക്ക് എതിരെയുളള സിവിൽ കേസിൻെറ  അടിസ്ഥാനത്തിലാണ് യാത്ര തടഞ്ഞത്.

ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് ബിനോയ്ക്കെതിരെയുള്ള ആരോപണം. ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ