/indian-express-malayalam/media/media_files/uploads/2019/01/VT-Balram-2.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ കെഎസ്‌യു നടത്തുന്ന ഉപവാസ സമരത്തില്‍ പാട്ടുപാടി 'പ്രതിഷേധിച്ച്' വി.ടി.ബല്‍റാം എംഎല്‍എ. ഏറെ ശ്രദ്ധേയമായ 'താരക പെണ്ണാളെ കതിരാടും മിഴിയാളെ' എന്ന പാട്ടാണ് ബല്‍റാം ആലപിച്ചത്. ബൽറാമിനൊപ്പം കെഎസ്‌യു പ്രവർത്തകരും പാട്ടുപാടി. പാട്ടുപാടിയ ശേഷം ബൽറാം കെഎസ്‌യു മുദ്രാവാക്യങ്ങളും വിളിച്ചു. ഏറെ ആവേശത്തോടെയാണ് ബൽറാമിന്റെ പാട്ടിനെയും മുദ്രാവാക്യത്തെയും പ്രവർത്തകർ സ്വീകരിച്ചത്.
പാട്ടുപാടിയാൽ എസ്എഫ്‌ഐ കൊല്ലുമെങ്കിൽ പാട്ടുപാടി പ്രതിഷേധിക്കാനാണ് കെഎസ്‌യുവിന്റെ തീരുമാനമെന്ന് സംഘടന വ്യക്തമാക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടക്കുന്നത്. പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കെഎസ്‌യു. നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ക്യാമ്പസിൽ അടിമുടി മാറ്റം വരുത്തുകയാണ് അധികൃതർ. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്യാംപസിനകത്ത് അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
Read Also: അഭിമന്യു കുറിച്ച വരികളാണ് എസ്എഫ്‌ഐയുടെ ആയുധം, കത്തിയും കഠാരയുമല്ല: വി.പി.സാനു
നിരാഹാര പന്തലില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ മതിലുചാടി കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് അകത്തേക്ക് പ്രവേശിച്ചത് വലിയ വാർത്തയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കെഎസ്‌യു വനിത നേതാവ് അടക്കം മതിലുചാടി സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി. അവിടെ വച്ച് പൊലീസും സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരെ തടയുകയായിരുന്നു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മതിലുചാടി കടന്ന പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പിലൂടെ അതിവേഗം മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തേക്ക് ഓടുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.