/indian-express-malayalam/media/media_files/uploads/2017/08/VTOut.jpg)
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പ് നടന്നുവെന്ന പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം തന്റെ പരാമര്‍ശം തിരുത്തി രംഗത്ത്. ടി.പി കേസിൽ സംസ്ഥാന സർക്കാരും സി.ബി.ഐയും തമ്മിൽ ഒത്തുകളിക്കുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസ് സിബിഐക്ക് വിട്ടിട്ടും ഒത്തുകളി നടന്നത് കാരണം തുടര്‍നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതിന് പിന്നാലെയാണ് ബല്‍റാം വിശദീകരണം നടത്തിയത്. ടി.പി വധവുമായി ബന്ധപ്പെട്ട കേസിൽ ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. വളരെ ഭംഗിയായാണ് യുഡിഎഫ് സർക്കാർ കേസ് കൈകാര്യം ചെയ്തതെന്നും ബാക്കി കാര്യങ്ങൾ ബൽറാമിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് കെപിസിസിയെ വെട്ടിലാക്കി ബൽറാം ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചത്. ടി.പി കേസിന്‍റെ ഗൂഢാലോചന ഒത്തുതീർപ്പാക്കിയതിന്‍റെ പ്രതിഫലമായിട്ട് സോളാർ കേസ് കണക്കാക്കിയാൽ മതിയെന്നായിരുന്നു ബൽറാമിന്‍റെ പരിഹാസം. ഇനിയെങ്കിലും മുതിർന്ന നേതാക്കന്മാർ ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.