നാളെ കേരളം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ, സമൂഹമാധ്യങ്ങളിലെ ഇലക്ഷൻ പോരിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ടി ബൽറാമും എം.ബി.രാജേഷും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ വാക്പോരാണ് നടന്നിരുന്നത്. തൃത്താല പഞ്ചായത്തിലെ ഒരു പൈപ്പിൽ വെള്ളം വരുന്നില്ല എന്ന എം.ബി രാജേഷിന്റെ വീഡിയോക്ക് മറുവിഡിയോയുമായാണ് ഇപ്പോള്‍ വി.ടി.ബൽറാം എത്തിയിരിക്കുന്നത്. ഒപ്പം ഒരു ട്രോൾ പോസ്റ്റും വന്നിട്ടുണ്ട്.

Posted by VT Balram on Monday, 5 April 2021

വെള്ളമില്ലെന്ന് പറഞ്ഞ പൈപ്പിൽ നിന്ന് തന്നെ വെള്ളം കുടിച്ചാണ് വി.ടി യുടെ മറുപടി വീഡിയോ. തൃത്താല പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല, പൈപ്പ് തുറന്നാൽ വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി രാജേഷ് പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നത്. അതിന്റെ അടുത്ത ദിവസം പ്രദേശത്തു എത്തിയ ബൽറാം അവിടത്തെ സമീപ വാസിയായ സ്ത്രീയെക്കൊണ്ട് പൈപ്പ് തുറപ്പിക്കുകയും വെള്ളം വരുന്നത് കാണിക്കുകയും ചെയ്യുന്നുണ്ട്. “അദ്ദേഹം അവതരിച്ചതിനു ശേഷം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകും. ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ മാന്ത്രിക ദണ്ഡുപയോഗിച്ച് തൃത്താലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൈപ്പിന്റെ എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് അറിയില്ല. എന്തായാലും ഞാനായിട്ട് തുറക്കുന്നില്ല, പ്രദേശ വാസിയായ പാത്തുമ്മാത്ത ഇവിടെയുണ്ട് അവർ തുറക്കട്ടെ,” എന്നും പറഞ്ഞാണ് ബൽറാം പൈപ്പ് തുറപ്പിക്കുന്നത്.

സ്ഥലത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടിയെടുത്തിരുന്നെന്നും. 250 മീറ്റർ ദൂരത്തേക്ക് കൂടി പൈപ്പിടാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വിഡിയോയിൽ പറയുന്നുണ്ട്.

രാജേഷിന് വീഡിയോയിലൂടെ മറുപടി കൊടുത്തതിനു പിന്നാലെ രസകരമായ ഒരു ട്രോൾ മീമും ബൽറാം പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റായ ‘ക്രോണിക് ബാച്ചിലർ’ എന്ന സിനിമയിലെ ഇന്നസെന്റിന്റെ കുരുവി എന്ന കഥാപാത്രം പെെപ്പ് തുറക്കുന്ന കോമഡി രംഗത്തിന്റെ മീം ആണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്.

കുടിവെള്ള പ്രശ്നം ഇരുമുന്നണികളും സമൂഹ മാധ്യമങ്ങളിൽ കാര്യമായി ചർച്ച ചെയ്യുന്നുണ്ട്. സത്യമറിയാനായി പൈപ്പ് തേടി പോകുന്നവരുമുണ്ടെന്ന് പറയുന്നു. വിഷയത്തിൽ രാജേഷിനെ കളിയാക്കി ബൽറാം പങ്കുവെച്ച ട്രോൾ സമൂഹമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.