തിരുവനന്തപുരം: നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്ക് വിശദീകരണവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കുമെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക്‌ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും ബല്‍റാം വിമര്‍ശിച്ചു. ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച്‌ വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന്‌ നേർക്ക്‌ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കും. ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചെന്ന് നവമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കും വിടി മറുപടി പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബർ പ്രചരണത്തിന്‌ മറുപടി എന്ന നിലയിൽ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ “എടാ” എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാൻ വിളിച്ചിട്ടില്ല.

ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്‌എഫ്‌ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ