തിരുവനന്തപുരം: എകെജിക്കെതിരായ വിവാദത്തിൽ വി.ടി.ബൽറാമിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനമധ്യത്തിൽ മാന്യന്മാരെ അവഹേളിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ് ബൽറാമിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

“താങ്കള്‍ പ്രകടിപ്പിച്ചത് മാന്യന്മാരെ ജനമധ്യത്തില്‍ വച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ്. കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചു മാറ്റി പുതിയ തൊഴിലിന്‍റെ വേഷം സ്വീകരിക്കുന്നതാണ് ഉചിതം” എന്നും പന്ന്യൻ പറഞ്ഞു.

“എകെജിയുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മണ്‍മറഞ്ഞ മഹാന്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം. എകെജിയെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ ആദരവോടെയാണ് കണ്ടിരുന്നത്. എന്നാല്‍ മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരിക്കാത്ത അധമസംസ്‌കാരമാണ് വി.ടി.ബൽറാം കാട്ടിയത്”, പന്ന്യൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ