കൊച്ചി: ലോ അക്കാദമിയിലെ സമരത്തില്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികളും അഭിമാനിക്കാമെന്ന് കോണ്‍ഗ്രസ് യുവ നേതാവ് വിടി ബല്‍റാം. ഐതിഹാസിക സമരത്തിൽ അണിചേർന്ന വിദ്യാർത്ഥികൾക്കും നേതൃത്ത്വം നൽകിയ മുഴുവൻ യഥാർത്ഥ വിദ്യാർത്ഥി സംഘടനകൾക്കും പിന്തുണ നൽകിയ രാഷ്ട്രീയ നേതാക്കൾക്കും സമരമുദ്രാവാക്യം നെഞ്ചിലേറ്റിയ പൊതുസമൂഹത്തിനും അഭിമാനിക്കാമെന്ന് എസ്എഫ്ഐയെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

ഇതാണ്‌ യഥാർത്ഥ വിജയം. മനസ്സില്ലാമനസ്സോടെ സമരത്തിലേക്ക്‌ കടന്നുവന്ന് ആദ്യം കിട്ടിയ താപ്പിൽത്തന്നെ കീഴടങ്ങി “ഞങ്ങളുടേതിനേക്കാൾ മെച്ചപ്പെട്ട കരാർ ഉണ്ടാക്കാൻ കഴിയുമെങ്കിൽ സമരം ചെയ്ത്‌ നേടിയെടുത്ത്‌ കാണിക്ക്‌” എന്ന് വെല്ലുവിളിച്ച ലക്ഷ്മീവിലാസം ഒറ്റുകാർക്ക്‌ മുൻപിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ ആയിരം സല്യൂട്ടെന്നും ബല്‍റാം പറഞ്ഞു.

ജാതിപീഡനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, വിദ്യാഭ്യാസാവശ്യങ്ങൾക്കായി പതിച്ചുനൽകിയ പൊതുഭൂമിയുടെ ദുരുപയോഗം അന്വേഷിച്ച്‌ ഭൂമി തിരിച്ചുപിടിക്കുക എന്നിങ്ങനെ സംസ്ഥാന സർക്കാർ ശക്തമായി ഇടപെട്ട്‌ പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു. അതിനുള്ള ആർജ്ജവം ഇന്നാട്ടിലെ ഭരണകൂടത്തിനുണ്ടോ എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

കേരള ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് വിജയം കണ്ടത്. സമരത്തിൽ കാലാവധിയില്ലാതെ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയതോടെയാണ് 29 മത്തെ ദിവസം സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു. യു.ജി.സി അനുശാസിക്കുന്ന നിയമവും ചട്ടങ്ങളും അനുസരിച്ച് പുതിയ പ്രിൻസിപ്പലിനെ നിയമിക്കും. നേരത്തേ മാനേജ്മെന്റുമായി കരാർ ഒപ്പിട്ട എസ്.എഫ്.ഐ യും പുതിയ കരാറിൽ ഒപ്പിട്ടതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി പറഞ്ഞു. സ്ഥിരമായി പുതിയ പ്രിൻസിപ്പലിനെ നിയമിച്ചതോടെ ലക്ഷ്മി നായർക്ക് ഇനി ഈ സ്ഥാനത്തേക്ക് തിരികെ വരാൻ ആകില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ