തിരുവനന്തപുരം: ഡിസിപി ചൈത്ര തെരേസ ജോണിനെതിരായ നടപടിയിൽ ശക്തമായ വിമർശനവുമായി വി.ടി.ബൽറാം എംഎൽഎ രംഗത്ത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്‌തതിന് പിന്നാലെയാണ് തിരുവനന്തപുരം സിറ്റി ഡിസിപി സ്ഥാനത്തെ താത്കാലിക ചുമതലയിൽ നിന്ന് ചൈത്രയെ മാറ്റിയത്.

“ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. എവിടെയാണ് ഇന്നാട്ടിലെ സാംസ്കാരിക നായകരൊക്കെ,” എന്നാണ് വി.ടി.ബൽറാമിന്റെ ചോദ്യം.

പോസ്റ്റിന്റെ പൂർണ്ണരൂപം

“ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പൊലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പൊലീസ് മേധാവിയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്കാരിക നായകരൊക്കെ? വി.ടി.ബൽറാം ഫെയ്സ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി “ബാലകറാം” ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook