തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മംഗളുരുവിൽ തടയുമെന്ന സംഘപരിവാർ ഭീഷണിയെ പരാജയപ്പെടുത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രശംസിച്ച് വി.ടി ബൽറാം എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പിണറായി പങ്കെടുത്ത ചടങ്ങിനായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ പ്രവൃത്തി വിശദീകരിച്ചും, സംഘപരിവാറിനെ പരിഹസിക്കുന്ന തരത്തിൽ ഒരു സിനിമാരംഗം ഷെയർ ചെയ്തുമാണ് ഫെയ്സ്ബുക്ക് കുറിപ്പ്.

എന്തു തന്നെയായാലും പരിപാടിയിൽ പങ്കെടുക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.  ജന്മനാട്ടിൽ പോലും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന  ഏകാധിപതിയാണ് പിണറായി വിജയൻ എന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. ഇതിനാലാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഇദ്ദേഹത്തെ കാലു കുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗദൾ, ഹിന്ദു ജാഗരൺ വേദി എന്നീ സംഘടനകളാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

ആറ് എസ്‌പിമാരായിരുന്നു മംഗളൂരുവിൽ സിപിഎം പരിപാടിക്ക് സുരക്ഷയൊരുക്കാനുള്ള ചുമതലയിലുള്ളത്. 20 എഎസ്‌പിമാർ 3000 ത്തോളം പൊലീസുകാരുടെ മേൽനോട്ടം വഹിച്ചു. ദക്ഷിണ മേഖല ഐജിയാണ് സുരക്ഷ മേൽനോട്ട ചുമതല വഹിച്ചത്.  നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പുറമേ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങി മംഗളൂരുവിന്റെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത് പിണറായി സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ