‘വണ്ടിയുടെ ഗ്ലാസ് തകര്‍ന്നത് സിപിഎമ്മുകര്‍ പൊലീസുകാരനെ പിടിച്ച് തള്ളിയത് മൂലം’; വിടി ബല്‍റാം

സിപിഎം പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയ പൊലീസുകാരന്റെ കൈയ്യില്‍ തട്ടിയാണ് ഗ്ലാസ് തകര്‍ന്നത്

കൊച്ചി: തന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം. സിപിഎം പ്രവര്‍ത്തകരാണ് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തതെന്ന ബല്‍റാമിന്റെ വാദം തെറ്റാണെന്നും പൊലീസുകാരന്റെ കൈ ത്ട്ടിയാണ് ഗ്ലാസ് തകര്‍ന്നതെന്നും വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വിടി ബല്‍റാം വിശദീകരണവുമായി രംഗത്തെത്തിയത്.

കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിടിയുടെ പ്രതികരണം.

പൊലീസ് എസ്‌കോര്‍ട്ടോടെ വന്ന എം.എല്‍.എയുടെ വാഹനം അതിവേഗം കടന്ന് പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിനിടെ എം.എല്‍.എയുടെ ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്ന് വീഴുന്നതും കാണാം. സിപിഎം പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയ പൊലീസുകാരന്റെ കൈയ്യില്‍ തട്ടിയാണ് ഗ്ലാസ് തകര്‍ന്നത്. എം.എല്‍.എയുടെ വാഹനം കടന്ന് പോയതിന് ശേഷം സഹപ്രവര്‍ത്തകര്‍ പൊലീസുകാരനെ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

”രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.,” വിടി ബല്‍റാം പറയുന്നു.

”റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി,” എന്നാണ് ഇന്നത്തെ സംഭവത്തില്‍ വിടിയുടെ വിശദീകരണം.

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.

പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vt balram clarifies how his car was attacked

Next Story
മരിച്ച ശ്രീജിത്ത് വീടാക്രമിച്ച ആളല്ല; പൊലീസിന് ആളുമാറിയതെന്ന് വെളിപ്പെടുത്തി വിനീഷ്
The moderation of comments is automated and not cleared manually by malayalam.indianexpress.com