പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ അലങ്കാര മത്സ്യ നിയന്ത്രണ നിയമത്തിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മധ്യപ്രദേശിലടക്കം രാജ്യത്ത് പലയിടത്തും കര്‍ഷ സമരം ശക്തമാകുന്നതിനിടെ ഇത്തരം നിയമങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നിലപാടുകള്‍ക്കെതിരെ ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

‘മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്. ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും. അതെല്ലാം തീര്‍ന്നിട്ടേ മാൻഡ്സോറിലെ കര്‍ഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരികയുള്ളൂ. അച്ഛേ ദിന്‍ വരാന്‍ സമയമെടുക്കും.’ എന്നാണ് എം.എല്‍.എയുടെ പോസ്റ്റ്.

രാജ്യത്തെ ആകമാനം ആശങ്കയിലാക്കിയ കന്നുകാലി വിൽപ്പന നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യമേഖലയിലും ഇന്നലെയാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. അലങ്കാര മത്സ്യത്തിന്റെ വളർത്തൽ, വിപണനം, പ്രദർശനം എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

Read More : മനുഷ്യ മുഖവുമായി യുപിയില്‍ പശു പിറന്നു: വിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍; സ്ഥലത്ത് ക്ഷേത്രം പണിയുമെന്ന് റിപ്പോര്‍ട്ട്

അലങ്കാര മീനുകളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കരുതെന്നും പ്രദര്‍ശനത്തിന് വെക്കരുതെന്നുമുള്ള സുപ്രധാനമായ നിര്‍ദേശങ്ങളാണ് പുതിയ ഉത്തരവില്‍ ഉള്ളത്. മറ്റ് ജീവജാലങ്ങൾക്കൊപ്പം അക്വേറിയം വയ്ക്കരുതെന്നും അക്വേറിയങ്ങളിൽ വെറ്റിനറി ഡോക്ടറും, സഹായിയും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. മീനുകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തിയാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

സാധാരണയായി വളർത്തുന്ന മത്സ്യങ്ങളടക്കം 158 ഇനം മീനുകളുടെ പരിപാലനത്തിലാണ് പുതിയ വിജ്ഞാപന പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേയും ലക്ഷദ്വീപിലേയും പവിഴപ്പുറ്റുകളിൽ വളരുന്ന മീനുകളെ പ്രദർശനത്തിനായി പിടിക്കുന്നതും കുറ്റകരമാക്കി. വീടുകളിലെ മീന്‍വളര്‍ത്തലുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശം ഉത്തരവില്‍ ഇല്ല.

Read More : ‘പശു മാതാവിനും ദൈവത്തിനും പകരക്കാരന്‍’: ഹൈദരാബാദ് ഹൈക്കോടതി ജഡ്‍ജി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ