തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. സംസ്ഥാനത്തുണ്ടായ കാര്‍ഷിക നഷ്ടത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കാത്തതിലാണ് കേന്ദ്രത്തിനെതിരെ മന്ത്രി രംഗത്തെത്തിയത്

കേന്ദ്രത്തോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാര്‍ഷിക നഷ്ടം പരിഹരിക്കാന്‍ ഒന്നും തന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. നിയമപ്രകാരം നല്‍കേണ്ട തുക മാത്രമാണ് നല്‍കിയതെന്നും പ്രത്യേക ഫണ്ട് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതില്‍ കവിഞ്ഞതൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ളത് ജന്മി-കുടിയാന്‍ ബന്ധമല്ല ഉള്ളതെന്നും സുനില്‍കുമാര്‍ ഓര്‍മ്മിപ്പിച്ചു. കൂടാതെ ചെലവഴിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിബന്ധനകള്‍ വച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചില്ലെന്ന് പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

”പലതവണ കേന്ദ്രത്തിന് മുന്നില്‍പോയി കെഞ്ചി പറഞ്ഞതാണ്. ഇതില്‍ ഇനി എന്തുപറയാനാണ്. അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രസര്‍ക്കാര്‍ ഒന്നും പ്രത്യേകമായി നല്‍കിയിട്ടില്ല.രാജ്യത്തുനടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറല്‍ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നീങ്ങേണ്ട സന്ദര്‍ഭമാണിത്” മന്ത്രി പറഞ്ഞു.

ഇത്തവണത്തെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം വരെ കാര്‍ഷികവിളകളുടെ നഷ്ടം മാത്രം 1200 കോടിയാണ്.

Read More Kerala News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.