തൃശൂർ: കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോവിഡ് നിരീക്ഷണത്തിൽ. കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകയ്ക്കൊപ്പം മന്ത്രി സുനിൽകുമാർ ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്.
ഈ മാസം 15 നു തൃശൂർ കോർപ്പറേഷൻ ഓഫീസിൽവച്ച് കോവിഡ് അവലോകനയോഗം നടന്നിരുന്നു. തൃശൂർ എംഎൽഎ കൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറും ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ പങ്കെടുത്ത മുതിർന്ന ആരോഗ്യപ്രവർത്തകയ്ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകയുമായുള്ള ഹെെ റിസ്ക് പട്ടികയിൽ മന്ത്രിയുണ്ടാകില്ല. എന്നാൽ, ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നതിനു മുൻപ് തന്നെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.
Read Also: സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി, മലയോര മേഖലകളിൽ നിയന്ത്രണം
ഇന്ന് ചേരുന്ന യോഗത്തിൽ ആരോഗ്യപ്രവർത്തകയുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവരെ ഉൾപ്പെടുത്തി ഹെെ റിസ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശമനുസരിച്ച് നിരീക്ഷണം തുടരുമെന്ന് മന്ത്രി സുനിൽകുമാർ അറിയിച്ചു. എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല മന്ത്രി സുനിൽകുമാറിനാണ്.
അതേസമയം, തൃശൂർ ജില്ലയിൽ ഇന്നലെ മാത്രം 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം കൂടിയായിരുന്നു ഇന്നലെ. 133 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (16). രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)-1) 43 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.