തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. മലപ്പുറം പന്തല്ലൂരില്‍ ക്ഷേത്രഭരണ സമിതി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത് തല്‍പ്പര കക്ഷികളാണ്. വിശ്വാസികള്‍ക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.

പന്തളം രാജകുടുംബത്തിന്റെയും ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നത്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ ഭരണഘടനാപരമായ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വി.എസ് പറഞ്ഞു.

വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വന്തമായി നടപടിയെടുത്തിട്ടില്ലെന്നും കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പുത്തരിക്കണ്ടത്ത് എല്‍ഡിഎഫ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു മുഖ്യമന്ത്രി. സംസ്‌കാര ഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നെന്നും കോണ്‍ഗ്രസ് ആ സംഘത്തിന്റെ ഭാഗമാണെന്നുമായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ഇത്ര അധപതിച്ചല്ലോയെന്ന് സഹതപിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ