തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. മോദി ആര്‍എസ്എസ് നിയോഗിച്ച കാവല്‍ക്കാരനാണെന്നും ആ കാവല്‍ക്കാരന്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും വിഎസ് പറഞ്ഞു. കാവല്‍ക്കാരന്റെ സുരക്ഷ ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും വിഎസ് പറഞ്ഞു. തിരുവന്തപുരത്ത് സി ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊന്നും വായ്തുറക്കാതിരിക്കാന്‍ കാവല്‍ക്കാരന്റെ കാവലുണ്ടെന്നും വി.എസ് പറഞ്ഞു. ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുകയാണെന്നും ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നുവെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉലകം ചുറ്റും വാലിബനായ മോദിക്ക് രാജ്യത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ കാണാനാകുന്നില്ലെന്നും ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിയും കാണാനായില്ലെന്നും വിഎസ് പറഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ജനങ്ങളുടെ നട്ടെല്ല് ഒടിയുന്നത് കാവല്‍ക്കാരന്‍ കാണുന്നില്ലെന്നും വിഎസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.