ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ ഇടതുസർക്കാർ ജാതി സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന വനിതാ മതിലിനെതിരെ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ രംഗത്ത്. ജാതി സംഘടനകളുമായുളള നവോത്ഥാനത്തിൽ വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം പാർട്ടിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രകമ്മിറ്റിക്കാണ് വിഎസ് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമെ പി.കെ.ശശിക്കെതിരായ പരാതിയിലും വിഎസിന് അതൃപ്തിയുണ്ട്. ഇക്കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം.

കേരളത്തിലെ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയമായും സംഘടനാപരമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജാതി സംഘടനകളുമായി ചേർന്നുളള വനിതാ മതിൽ വൈരുദ്ധ്യ നിലപാടാണ്.  ആർഎസ്എസ്സിനെ എതിർക്കുകയും നായർ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. ഇത് ആത്മഹത്യാപരമാണെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്ക് അനുകൂലമായ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെതിരെയും വിഎസ് കത്തിൽ നിലപാട് എടുത്തു. ശശിക്കെതിരെ ശക്തമായ നടപടി വേണമെന്നും ശശിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്ന സിപിഎം നേതാക്കൾക്ക് എതിരെയും നടപടി വേണം.

ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്​റ്റനാക്കിയത്​ ശരിയായി​ല്ലെന്നാണ് വിഎസ് ചൂണ്ടിക്കാട്ടുന്നത്. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട്​ സ്വീകരിക്കണമെന്നും വിഎസ്​ കത്തിൽ ആവശ്യപ്പെട്ടു. ശശിക്കെതിരെ പരാതിയുമായി പെൺകുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചതിന് പിന്നാലെയാണ് വിഎസിന്റെ കത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.