തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വിഎസ് ഈ ആവശ്യം ഉന്നയിച്ചത്. ബാര്‍ക്കോഴ കേസ്, പാറ്റൂര്‍ ഭൂമിക്കേസ്, മൈക്രോ ഫിനാന്‍സ് എന്നിവ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.

മുന്‍ മന്ത്രിമാരായ കെഎം മാണിയും കെ ബാബുവും ആരോപിതരായ കേസാണ് ബാര്‍ കോഴ. ഈ കേസില്‍ വിജിലന്‍സ് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുകയും മാണിയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി  ഇകെ ഭരത് ഭൂഷണും ആരോപണവിധേയരായിരുന്നു. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനെതിരെയാണ് മൈക്രോ ഫിനാന്‍സ് കേസ്. ഈ കേസിലും ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ മൂന്ന് കേസുകളും പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം അതിശക്തമായി ഉന്നയിച്ച ആരോപണങ്ങളായിരുന്നു. സിപിഎം ഭരിക്കപ്പെക്കുമ്പോൾ തന്നെ ഈ കേസുകള്‍ ഇല്ലാതാകുന്നതിനെതിരെ  ശക്തമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് വി എസ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്.

2008 ലാണ് പാറ്റൂരിലെ ഭൂമി സംബന്ധിച്ച ആരോപണങ്ങള്‍ തുടങ്ങുന്നത്. 135 സെന്റ് ഭൂമി നടുവിലൂടെ സീവേജ് പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടായിരുന്നു. ഈ ഭൂമിയിൽ നിന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സോമശേഖരൻ പൈപ്പ് ലൈൻ മാറ്റിയിടാൻ അനുമതി കൊടുത്തു. അതിന് ശേഷം ചുമതലയിൽ വന്ന വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മധുവായിരുന്നു കേസിലെ രണ്ടാം പ്രതി. ആർടെക് അശോകാണ് മറ്റൊരു പ്രതി. ഇ.കെ.ഭരത് ഭൂഷൺ കേസിൽ ​മൂന്നാം പ്രതിയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നാലാം പ്രതിയുമായിട്ടായിരുന്നു കേസ്.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ നേതൃത്വത്തില്‍ ഈ കേസുകള്‍ക്കെതിരെ സഭയക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ