തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈക്കോടതിപോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയുമുണ്ടായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ, പോലീസ് അന്വേഷണമോ ഒന്നും വേണ്ട, കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാം എന്ന മട്ടില്‍ സംഘപരിവാര്‍ നുണപ്രചരണം നടത്തുന്നത് നിഷ്കളങ്കതകൊണ്ടോ, ഭക്തികൊണ്ടോ അല്ലെന്ന് വി എസ് പറഞ്ഞു.

അഭിഭാഷകന്‍കൂടി ആയ ബിജെപി സംസ്ഥാന പ്രസിഡന്റ് ഇതേ കഥ പ്രചരിപ്പിക്കുന്നതില്‍നിന്നും, ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍നിന്നും ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ കലാപശ്രമമുണ്ട് എന്നത് വ്യക്തമാണ്. നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം.

ശബരിമല വിഷയത്തില്‍ തന്‍റേതല്ലാത്ത പ്രസ്താവനകള്‍ തന്‍റെ പേരും പടവും വെച്ച് പ്രചരിപ്പിക്കപ്പെടുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സാമൂഹിക ദ്രോഹികളെ നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ത്തന്നെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.