തിരുവനന്തപുരം: ആരോഗ്യനിള മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ആശുപത്രി വിട്ടു. ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിന് അവസാനമിട്ട് വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പൊതു ജീവിതത്തിലേക്ക് പെട്ടന്ന് മടങ്ങിയെത്താൻ വി.എസിന് ആകില്ല. ചികിത്സയ്ക്ക് ശേഷം ആദ്യമായി ഫെയ്സ്ബുക്കലൂടെ പ്രതികരിച്ചിരിക്കുകയാണ് വി.എസ്.
ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയെന്നും വി.എസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നതുപോലെ തന്നെ അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗമെന്നും വി.എസ് ഫെയ്സ്ബുക്കിൽ കുറിച്ചു. അതുകൊണ്ട് തന്നെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും വി.എസ്.പറഞ്ഞു. നെഞ്ചിലെ കഫക്കെട്ട് പൂർണമായും സുഖപ്പെടാത്തതാണ് കാരണം.
ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടർന്നാണ് വി.എസിനെ പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിലാക്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
Also Read: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ പങ്കിൽ ഹൈക്കോടതി വിശദീകരണം തേടി
ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വിഎസ് സജീവമായിരുന്നില്ല. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമാണ് വിഎസ് നേരിട്ടെത്തി പങ്കെടുത്തത്.