തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലന്പൂർ എംഎൽഎ പി.വി. അൻവർ എന്നിവർക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവർക്കുമെതിരായ ആരോപണത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നു.

എംഎല്‍എമാരായ പിവി അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരായ ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോട് വിശദമായി റിപ്പോര്‍ട്ട് കൈമാറാന്‍ പറഞ്ഞതായാണ് ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്‍ കയ്യേറ്റമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ആലപ്പുഴയിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന് വേണ്ടിയാണ് കയ്യേറ്റമെന്നാണ് ഉയര്‍ന്ന ആരോപണം. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോഴിക്കോട് കക്കാടുംപൊയില്‍ നിയമവിരുദ്ധമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചുവെന്ന ആരോപണവുമാണ് ഉയര്‍ന്നത്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന് പറഞ്ഞ് എംഎല്‍എമാരെ പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.