തിരുവനന്തപുരം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് വി.എസ്.അച്യുതാനന്ദന്‍. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി എന്നായിരുന്നു ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്റെ പ്രതികരണം.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ രാഷ്ട്രീയ നേതാവുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിലും, ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലും, കൂടങ്കുളം വിഷയത്തിലുമെല്ലാം കരുണാനിധിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയുണ്ടായി. തിരക്കഥാകൃത്ത്, നാടകക്കാരന്‍, സാഹിത്യകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു, കരുണാനിധിയുടേതെന്നും വിഎസ് പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്. കലൈഞ്ജര്‍ കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയിലൂടെയായിരുന്നു വിഎസിന്റെ പ്രതികരണം.

അതേസമയം, അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹം. കരുണാനിധിയുടെ വിയോഗത്തില്‍ ഒരാഴ്ച നീണ്ട ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ അവധിയായിരിക്കും. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ് കരുണാനിധിയുടെ മൃതദേഹം. വൈകിട്ടോടെ സംസ്‌കാരം നടക്കും. അതിന് മുന്നോടിയായി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ തമിഴ്‌നാട്ടിലെത്തും.

മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അല്‍പ്പസമയത്തിനകം വീണ്ടും വാദം കേള്‍ക്കും. ചൊവ്വാഴ്ച രാത്രിയിലാണ് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചത്. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നു കലൈജ്ഞരുടെ ഭൗതികദേഹം രാജാജി ഹാജിലെത്തിച്ചതു പുലര്‍ച്ചെ 5.30 ന്.

വിഷയത്തില്‍ വിശദമായ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വാദം രാവിലെ എട്ടുമണിയിലേക്ക് മാറ്റിവച്ചത്. കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.