തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി അൽഫോൺസ് കണ്ണന്താനം ചുമതലയേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് വി.എസ്.അച്യുതാനന്ദൻ രംഗത്ത്. കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീർണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ അതിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാൾ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദർഭത്തിലാണ് കണ്ണന്താനം ഫാസിസ്‌റ്റ് കൂടാരത്തിലെ സൗകര്യങ്ങൾ തേടി അവിടേക്ക് ചേക്കേറുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിർണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് പറഞ്ഞു.

ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികൻ മാറാനാവരുതാത്തതാണ്. സ്ഥാനാർത്ഥി നിർണയ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണം എന്ന തിരിച്ചറിവ് കൂടിയാണ് ഇത് ഇടതുപക്ഷത്തിന് നൽകുന്നത്. ഒരുതരത്തിലും സന്ധിചെയ്യാൻ വകുപ്പില്ലാത്ത ഒരു ഘട്ടത്തിൽ, തന്നെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തത് എന്നും വിഎസ് പ്രസ്താവിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ