തിരുവനന്തപുരം: ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന കേരള ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷിന്റെ പരാമർശത്തിനെതിരെ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയായിരുന്നു ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പ്രസ്താവന. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്നും വി.എസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു വി.എസിന്റെ പ്രതികരണം.

ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല എന്ന് പറഞ്ഞ വി.എസ് അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ലയെന്നും വ്യക്തമാക്കി.

കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ലെന്നും സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് താനെന്നും വി.എസ് കുറിച്ചു.

ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ധമുയര്‍ത്തണമെന്നായിരുന്നു ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസ്താവന.ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ചിദംബരേഷ് സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ദമുയർത്തണമെന്നും ആവശ്യപ്പെട്ടു. പൂര്‍വ്വ ജന്മ സുകൃത്യമുള്ളവരായാണ് ബ്രാഹ്മണര്‍ എല്ലാ സദ് ഗുണങ്ങളും ഒത്തുചേരുന്നവരാണെന്നും സമുദായത്തെ പാര്‍ശ്വവത്ക്കരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.